Tuesday, 7 July 2026

🅰5️⃣ സൂറത്ത് - ഇസ്രാഉ الإسراء ലഘു വിവരണം- ആയത്ത് 34 (വാഗ്ദാന പാലനവും വിശ്വസ്തതയും സത്യവിശ്വാസിയുടെ സ്വഭാവം)


🅰5️⃣ സൂറത്ത് - ഇസ്രാഉ الإسراء ലഘു വിവരണം- ആയത്ത് 34 
(വാഗ്ദാന പാലനവും വിശ്വസ്തതയും സത്യവിശ്വാസിയുടെ സ്വഭാവം)
വീഡിയോ:
https://youtu.be/w_ZD3g6T9lQ?si=gLWVyaPK0USgdYDH
وَلَا تَقۡرَبُواْ مَالَ ٱلۡيَتِيمِ إِلَّا بِٱلَّتِى هِىَ أَحۡسَنُ حَتَّىٰ يَبۡلُغَ أَشُدَّهُۥۚ وَأَوۡفُواْ بِٱلۡعَهۡدِۖ إِنَّ ٱلۡعَهۡدَ كَانَ مَسۡئُولًا (الإسراء 34)
ഏറ്റവും നല്ലതേതോ അതനുസരിച്ചല്ലാതെ അനാഥയുടെ സ്വത്തിനെ നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത്; അവന്‍ (യത്തീം) അവന്റെ ശക്തി (പ്രായപൂര്‍ത്തി) പ്രാപിക്കുന്നതുവരെ. നിങ്ങള്‍ കരാറ് നിറവേറ്റുകയും ചെയ്യുവിന്‍. നിശ്ചയമായും കരാര്‍ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.
🌳🌳🌳🌳🌳

ലഘു വിവരണം :

അനാഥ സംരക്ഷണം , വാഗ്‌ദാന പാലനം എന്നീ രണ്ടു സുപ്രധാന കാര്യങ്ങളാണ് ഈ ആയത്തിൽ പരാമർശിക്കുന്നത്. ഈ രണ്ട് കാര്യങ്ങളും പരസ്പര ബന്ധിതവുമാണ്. അനാഥകളോട് നീതിപൂർവം പെരുമാറാനും വാഗ്ദാനങ്ങൾ പാലിക്കാനും നീതിമാനും വിശ്വസ്തനുമായ ആൾക്കേ സാധിക്കൂ. 
​ അനാഥകളുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ വളരെ സൂക്ഷ്മത പാലിക്കണമെന്ന് ഖുർആൻ കർശനമായി ആവശ്യപ്പെടുന്നു. അവന് പ്രായപൂർത്തിയും വിവേകവും എത്തുന്നതുവരെ അവന്റെ സ്വത്ത് നശിപ്പിക്കാനോ, അന്യായമായി തിന്നാനോ പാടില്ല. 'ഏറ്റവും നല്ല രീതിയിൽ'  എന്ന് പറഞ്ഞാൽ, അവരുടെ സ്വത്ത് വളർത്താൻ സഹായിക്കുന്ന കച്ചവടങ്ങളിലോ നിക്ഷേപങ്ങളിലോ ഉപയോഗിക്കുക, അല്ലെങ്കിൽ യാതൊരു കേടുപാടും കൂടാതെ അവർക്ക് പ്രായപൂർത്തിയും കൈകാര്യാവകാശവും ആകുന്നത് വരെ കാത്തുസൂക്ഷിക്കുക എന്നാണ് അർത്ഥം.
 അല്ലാഹുവോടുള്ള  എല്ലാത്തരം ഉടമ്പടികളും കരാറുകളും സൃഷ്‌ടികളോടുള്ള  നിഷിദ്ധമല്ലാത്ത ഉടമ്പടികളും  പാലിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. പരലോകത്ത് വെച്ച് ഇതിനെക്കുറിച്ച് അല്ലാഹു ചോദ്യം ചെയ്യുമെന്ന ശക്തമായ മുന്നറിയിപ്പും ഇതിലുണ്ട്.

ഇതേ ആശയം സൂറത്തുൽ അൻആമിലെ 152 നമ്പർ ആയത്തിലും വന്നത് കാണാം :
وَلَا تَقۡرَبُواْ مَالَ ٱلۡيَتِيمِ إِلَّا بِٱلَّتِى هِىَ أَحۡسَنُ حَتَّىٰ يَبۡلُغَ أَشُدَّهُۥۖ وَأَوۡفُواْ ٱلۡكَيۡلَ وَٱلۡمِيزَانَ بِٱلۡقِسۡطِۖ لَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَاۖ وَإِذَا قُلۡتُمۡ فَٱعۡدِلُواْ وَلَوۡ كَانَ ذَا قُرۡبَىٰۖ وَبِعَهۡدِ ٱللَّهِ أَوۡفُواْۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَذَكَّرُونَ ( الأنعام 152)
`ഏറ്റവും നന്നായുള്ളതേതോ അതനുസരിച്ചല്ലാതെ, അനാഥയുടെ ധനത്തെ നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത്‌; അവന്‍ അവന്‍റെ ശക്തി [പ്രായപൂര്‍ത്തി] പ്രാപിക്കുന്നതുവരെ. അളവും, തൂക്കവും നീതിമുറ പ്രകാരം നിങ്ങള്‍ നിറവേറ്റിക്കൊടുക്കുകയും ചെയ്യുവിന്‍; ഒരാളോടും നാം അതിന്‍റെ കഴിവനുസരിച്ചല്ലാതെ ശാസിക്കുകയില്ല. നിങ്ങള്‍ വല്ലതും പറയുന്നെങ്കിൽ നിങ്ങള്‍ നീതിപാലിക്കുകയും ചെയ്യുവിന്‍- (ആരെക്കുറിച്ച്‌ പറയപ്പെടുന്നുവോ) അവന്‍ അടുത്ത ബന്ധമുള്ളവനായിരുന്നാലും ശരി. അല്ലാഹുവിന്‍റെ  കരാറിനെ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. അതൊക്കെ, നിങ്ങള്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങളോട്‌ `വസ്വിയ്യത്ത്‌' ചെയ്‌തിരിക്കയാണ്‌.

​അനാഥകളുടെ സ്വത്ത് അപഹരിക്കുന്നതിനെതിരെ ഖുർആൻ മറ്റൊരിടത്ത് മുന്നറിയിപ്പ് നൽകിയത് കാണുക:
​إِنَّ ٱلَّذِينَ يَأۡكُلُونَ أَمۡوَٰلَ ٱلۡيَتَٰمَىٰ ظُلۡمًا إِنَّمَا يَأۡكُلُونَ فِى بُطُونِهِمۡ نَارًاۖ وَسَيَصۡلَوۡنَ سَعِيرًا (النساء 10)
​"തീർച്ചയായും അനാഥകളുടെ സ്വത്തുക്കൾ അന്യായമായി തിന്നുന്നവർ തങ്ങളുടെ വയറുകളിൽ തിന്നുന്നത് തീ മാത്രമാകുന്നു. വഴിയെ അവർ കത്തിയെരിയുന്ന നരകാഗ്നിയിൽ ചെന്നുപെടുന്നതുമാണ്."

​ ഹദീസുകൾ:

​عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ ﷺ قَالَ ‏"‏ اجْتَنِبُوا السَّبْعَ الْمُوبِقَاتِ ‏"‏‏.‏ قَالُوا يَا رَسُولَ اللَّهِ وَمَا هُنَّ قَالَ ‏"‏ الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلاَتِ ‏"‏‏(صحيح البخاري).‏
​അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം: നബി ﷺ അരുളി: "നാശമുണ്ടാക്കുന്ന ഏഴ് കാര്യങ്ങളെ (സബ്ഉൽ മൂബിഖാത്) നിങ്ങൾ വെടിയുക." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ, അവ ഏതെല്ലാമാണ്❓" നബിﷺ പറഞ്ഞു: "അല്ലാഹുവിൽ പങ്കുചേർക്കൽ (ശിർക്ക്), ആഭിചാരം (സിഹ്‌ർ), അല്ലാഹു ഹറാമാക്കിയ ജീവനെ അന്യായമായി വധിക്കൽ, പലിശ ഭക്ഷിക്കൽ, അനാഥയുടെ സ്വത്ത് ഭക്ഷിക്കൽ, ധർമ്മസമര രംഗത്തുനിന്ന് പിന്തിരിഞ്ഞോടൽ, ദുർനടപ്പുകാരല്ലാത്തവരും സത്യവിശ്വാസിനികളുമായ സ്ത്രീകളുടെ മേൽ വ്യഭിചാരക്കുറ്റം ആരോപിക്കൽ എന്നിവയാണവ.

കരാർ പാലിക്കൽ സത്യവിശ്വാസിയുടെയും കരാർ ലംഘിക്കൽ കപട വിശ്വാസിയുടെയും സ്വഭാവമാണെന്ന്  നിരവധി വിശുദ്ധ വചനങ്ങളിൽ വന്നിട്ടുണ്ട്.

​ഖുർആൻ ആയത്തുകൾ :

​യഥാർത്ഥ പുണ്യവാന്മാർ ആരാണെന്ന് വിശദീകരിക്കുന്നിടത്ത് ഖുർആൻ പറയുന്നു : 
​وَٱلۡمُوفُونَ بِعَهۡدِهِمۡ إِذَا عَٰهَدُواْۖ (البقرة 177)
​"കരാറിലേർപ്പെട്ടാൽ തങ്ങളുടെ കരാർ പൂർത്തീകരിക്കുന്നവരുമാണവർ"

​ സത്യവിശ്വാസികളുടെ  സ്വഭാവമായി അല്ലാഹു പറയുന്നു:
​وَٱلَّذِينَ هُمۡ لِأَمَٰنَٰتِهِمۡ وَعَهۡدِهِمۡ رَٰعُونَ
(المؤمنون 8 & المعارج 32)
​"തങ്ങളെ വിശ്വസിച്ചേൽപ്പിച്ച കാര്യങ്ങളും തങ്ങളുടെ കരാറുകളും കാത്തു സൂക്ഷിക്കുന്നവരാണ് അവർ."
​സത്യവിശ്വാസികളോടുള്ള അല്ലാഹുവിന്റെ  കൽപ്പന:
​يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَوۡفُواْ بِٱلۡعُقُودِۚ.....(من المائدة 1)
​"അല്ലയോ സത്യവിശ്വാസികളേ, നിങ്ങൾ കരാറുകൾ പൂർണ്ണമായി പാലിക്കുവിൻ."

 ഹദീസുകൾ:
ഹദീസ് ഒന്ന് :
​عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ قَالَ: مَا خَطَبَنَا نَبِيُّ اللَّهِ ﷺ إِلَّا قَالَ: «لَا إِيمَانَ لِمَنْ لَا أَمَانَةَ لَهُ، وَلَا دِينَ لِمَنْ لَا عَهْدَ لَهُ» (مسند أحمد)
​അനസ് ബിൻ മാലിക് (റ) വിൽ നിന്ന് നിവേദനം: നബി ﷺ ഞങ്ങളോട് പ്രസംഗിക്കുമ്പോഴെല്ലാം ഇപ്രകാരം പറയാതിരുന്നിട്ടില്ല: "വിശ്വസ്തതയില്ലാത്തവന് ഈമാനില്ല, കരാർ പാലിക്കാത്തവന് ദീനുമില്ല."

​عَنْ عُبَادَةَ بْنِ الصَّامِتِ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: " اضْمَنُوا لِي سِتًّا مِنْ أَنْفُسِكُمْ أَضْمَنْ لَكُمُ الْجَنَّةَ: اصْدُقُوا إِذَا حَدَّثْتُمْ، وَأَوْفُوا إِذَا وَعَدْتُمْ، وَأَدُّوا إِذَا اؤْتُمِنْتُمْ، وَاحْفَظُوا فُرُوجَكُمْ، وَغُضُّوا أَبْصَارَكُمْ، وَكُفُّوا أَيْدِيَكُمْ"(مسند احمد)
​ഉബാദത്ത് ബിൻ സ്വാമിത് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: "നിങ്ങൾ നിങ്ങളുടെ ഭാഗത്തുനിന്ന് ആറ് കാര്യങ്ങൾക്ക് എനിക്ക് ഉറപ്പ് നൽകുക. എന്നാൽ നിങ്ങൾക്ക് ഞാൻ സ്വർഗ്ഗം ഉറപ്പ് നൽകാം: "നിങ്ങൾ സംസാരിക്കുമ്പോൾ സത്യം പറയുക, വാഗ്ദാനം ചെയ്താൽ അത് പാലിക്കുക, വിശ്വസിച്ച് ഏൽപ്പിക്കപ്പെട്ടാൽ അത് വിശ്വസ്തതയോടെ നിർവ്വഹിക്കുക, നിങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുക, നിങ്ങളുടെ ദൃഷ്ടികളെ താഴ്ത്തുക, നിങ്ങളുടെ കൈകളെ (ദ്രോഹം ചെയ്യുന്നതിൽ നിന്ന്) തടയുക."

കപടവിശ്വാസിയുടെ ലക്ഷണങ്ങൾ:

​عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ ﷺ قَالَ: «آيَةُ الْمُنَافِقِ ثَلَاثٌ: إِذَا حَدَّثَ كَذَبَ، وَإِذَا وَعَدَ أَخْلَفَ، وَإِذَا اؤْتُمِنَ خَانَ» (صحيح البخاري)
​അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം: നബി ﷺ അരുളി: "കപടവിശ്വാസിയുടെ ലക്ഷണങ്ങൾ മൂന്നാകുന്നു: സംസാരിച്ചാൽ അവൻ കളവ് പറയും, വാഗ്ദാനം ചെയ്താൽ ലംഘിക്കും, വിശ്വസിച്ചേൽപ്പിച്ചാൽ ചതിക്കും."
​ 
​عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا، أَنَّ النَّبِيَّ ﷺ قَالَ: «أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا خَالِصًا، وَمَنْ كَانَتْ فِيهِ خَصْلَةٌ مِنْهُنَّ كَانَتْ فِيهِ خَصْلَةٌ مِنَ النِّفَاقِ حَتَّى يَدَعَهَا: إِذَا اؤْتُمِنَ خَانَ، وَإِذَا حَدَّثَ كَذَبَ، وَإِذَا عَاهَدَ غَدَرَ، وَإِذَا خَاصَمَ فَجَرَ» 
(صحيح البخاري)
​അബ്ദുല്ലാഹിബ്നു അംറ് رضي الله عنهما-വിൽ നിന്ന് നിവേദനം: നബി ﷺ അരുളി: "നാല് കാര്യങ്ങൾ ആരിൽ ഒത്തുചേരുന്നുവോ അവൻ തനിച്ച മുനാഫിഖ് (കപടവിശ്വാസി) ആയിരിക്കും. അതിൽ ഏതെങ്കിലും ഒരു ലക്ഷണം ആരിലെങ്കിലുമുണ്ടായാൽ, അത് ഉപേക്ഷിക്കുന്നത് വരെ കപടവിശ്വാസത്തിൻ്റെ ഒരു അംശം അവനിലുണ്ട്: വിശ്വസിച്ചേൽപ്പിച്ചാൽ ചതിക്കുക, സംസാരിച്ചാൽ കളവ് പറയുക, കരാർ ചെയ്താൽ ലംഘിക്കുക (വഞ്ചിക്കുക), പിണങ്ങിയാൽ അതിരുവിടുക (അന്യായം പ്രവർത്തിക്കുക)."